ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുതുപ്പരിയാരം, വള്ളിക്കോട്, കാവില്‍പ്പാട്, നൊച്ചുപ്പിള്ളി എന്നീ അംശങ്ങള്‍ ചേര്‍ന്നാണ് പുതുപ്പരിയാരം പഞ്ചായത്തായി മാറിയത്. വള്ളിക്കോടിന്റെ ആദ്യനാമം വള്ളിക്കാട് എന്നായിരുന്നുവത്രെ. സ്ഥലനാമ ഐതിഹ്യം ഇങ്ങനെയാണ്. പണ്ടൊരിക്കല്‍ പാണസമുദായത്തില്‍പ്പെട്ട കുറച്ചുപേര്‍ വിറകു ശേഖരിക്കുന്നതിന് ഈ മലഞ്ചരുവിലെത്തി. വിറക് ശേഖരിച്ച് നീങ്ങുന്നതിനിടയ്ക്ക് ഇവര്‍ വള്ളിപ്പടര്‍പ്പുകളില്‍ കുടുങ്ങി; നേരം ഇരുട്ടുകയും ചെയ്തു. കുരുക്കില്‍നിന്ന് രക്ഷപ്പെടുന്നതിന് അവര്‍ ദേവിയെ ധ്യാനിച്ച് സ്തുതിഗീതങ്ങള്‍ പാടിക്കൊണ്ട് വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി മുന്നറി. മുളകുറ്റികള്‍ തീപ്പന്തങ്ങള്‍ ആക്കി ഇരുട്ടിനെ അകറ്റി. ഈ സംഭവമാണ് ഇപ്പോഴും ക്ഷേത്രോത്സവങ്ങളില്‍ അരങ്ങേറുന്ന പങ്കാളിക്ക് ആധാരം. പാണന്റെ കളിയാണ് പങ്കാളി ആയതെന്ന് വിശ്വസിക്കപ്പെടുന്നു. വള്ളിക്കോട്ടെ പുരാതനമായ കൂട്ടാലത്തറവാട്ടുകാരുടെ മേല്‍നോട്ടത്തിലായിരുന്ന വളയപ്പുള്ളി ക്ഷേത്രവും ഭൂസ്വത്തുക്കളും മറ്റും തിരുവില്വാമല ക്ഷേത്രത്തിലേക്ക് പില്‍ക്കാലത്ത് കൈമാറുകയുണ്ടായി. പഞ്ചായത്തതിര്‍ത്തിയിലുള്ള കോമണ്‍വെല്‍ത്ത് ഓട്ടുകമ്പനിയിലേയും സമീപപ്രദേശങ്ങളിലെ ബീഡിക്കമ്പനിയിലേയും തൊഴിലാളികളധികവും ഈ പ്രദേശത്തുള്ളവരായിരുന്നു. തൊഴിലാളികള്‍ എന്ന നിലയില്‍ സ്വാഭാവികമായും ഉണ്ടാവുന്ന സംഘബോധം സാര്‍വ്വദേശീയ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനുള്ള പ്രേരണയായി. ഇതിന്റെ ഫലമായി അവര്‍ ജീവിക്കുന്ന പരിസരങ്ങളില്‍ ഹരിജനങ്ങളും പിന്നാക്കവിഭാഗക്കാരും അനുഭവിക്കുന്ന സാമൂഹ്യാവഗണന പരിഹരിക്കാന്‍ നടത്തിയ പാങ്ങല്‍ ശിവക്ഷേത്രക്കുളംതീണ്ടല്‍ സമരവും മറ്റും ജന്മിത്വത്തിനെതിരായ കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ അവകാശസമരങ്ങളായി വളര്‍ന്നു. ഇതിന് നേതൃത്വം നല്‍കിയ പ്രമുഖരില്‍ എന്‍.എന്‍.യൂസഫ്, സി.ബി.കുഞ്ഞിപ്പ, വി.എ.ഹംസ എന്നിവരുള്‍പ്പെടുന്നു. പുതുപ്പരിയാരത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ കനകത്ത് പത്മനാഭമേനോന്റെ പങ്ക് നിസ്തുലമാണ്. സമുദായ പരിഷ്കര്‍ത്താവെന്ന നിലയില്‍ അദ്ദേഹം വഹിച്ച സേവനം എക്കാലവും സ്മരിക്കപ്പെടും. കെട്ടുകല്യാണം എന്ന അദ്ദേഹത്തിന്റെ കവിത ദുഷിച്ച സമുദായാചാരങ്ങള്‍ക്കു നേരെയുള്ള ചാട്ടുളിപ്രയോഗമായിരുന്നു. 1940-ല്‍ അന്നത്തെ പാലക്കാട്ട് രാജാവ് ശേഖരവര്‍മ്മ കനകത്ത് പത്മനാഭമേനോന് വരകവി എന്ന ബഹുമതി നല്‍കി ആദരിച്ചു. ഇന്നത്തെ പുതുപ്പരിയാരം പഞ്ചായത്തിന്റെ വലിയൊരു ഭാഗം ഭൂപ്രദേശങ്ങളും വള്ളിക്കോട് അംശത്തിലായിരുന്നു. 1955-ല്‍ ആദ്യമായി ജനങ്ങള്‍ വോട്ടു ചെയ്ത് പ്രാദേശികഭരണസമിതിയെ തെരഞ്ഞെടുത്തു. നഗരവുമായി വളരെ അടുത്തു കിടക്കുന്ന പ്രദേശമാണെങ്കിലും ഗതാഗതസൌകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. വള്ളിക്കോട് ഭാഗത്തുനിന്ന് റെയില്‍വേലൈനിന്റെ സമീപത്തുകൂടി നടന്നാണ് സാധാരണക്കാര്‍ പലപ്പോഴും പാലക്കാട് നഗരത്തിലെത്തിയിരുന്നത്. പച്ചക്കറികൃഷികേന്ദ്രമായ വള്ളിക്കോട്ടു നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തലച്ചുമടായി ഇതുവഴിയാണ് അധികവും പോയിരുന്നത്. ഒലവക്കോട്ടെ ഓട്ടുകമ്പനി തൊഴിലാളികള്‍ക്കും, ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് നഗരത്തിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇതായിരുന്നു എളുപ്പമാര്‍ഗ്ഗം. ഈ പഞ്ചായത്തിലാണ് വള്ളിക്കോട് റെയില്‍വേ സ്റ്റേഷന്‍ ആദ്യം നിലവില്‍ വന്നത്. ആളുകള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഈ സ്റ്റേഷന്‍ ദീര്‍ഘകാലം നിലനിന്നില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മുരുളിയിലെ ഗവണ്‍മെന്റ് വെല്‍ഫയര്‍ സ്കൂള്‍ പട്ടാളം ഒഴിച്ചുപോയതിനിശേഷം രൂപമെടുത്ത സ്ഥാപനമാണ്. പട്ടാളത്തില്‍നിന്ന് പിരിഞ്ഞുപോന്നവരുടെ സഹകരണസംഘം ഇവിടെ രണ്ട് വ്യവസായങ്ങള്‍ നടത്തുന്നു. ടിംബര്‍ വര്‍ക്സും മെറ്റല്‍ വര്‍ക്സുമാണത.് കാളവണ്ടികള്‍ക്ക് ചുമത്തിയ നികുതി, കച്ചവടങ്ങള്‍ക്കുള്ള നികുതി എന്നിവയായിരുന്നു അക്കാലത്ത് പഞ്ചായത്തുകളുടെ ധനാഗമമാര്‍ഗ്ഗം. പച്ചപരവതാനി വിരിച്ച വയലേലകളും കുന്നുകളും താഴ്വരകളും ഇടകലര്‍ന്ന പ്രകൃതിരമണീയമായ ഒരു കാര്‍ഷിക ഗ്രാമമാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. ഇവിടെ നെല്ല് തന്നയാണ് മുഖ്യമായും കൃഷിചെയ്യുന്നത്. തെങ്ങ്, വാഴ, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഇടവിളയായി കൃഷി ചെയ്യാറുണ്ട്. കൂടാതെ കശുമാവ്, മരച്ചീനി, കുരുമുളക്, റബ്ബര്‍, ഇഞ്ചി, കവുങ്ങ് എന്നീ വിളകളുമുണ്ട്. ഹൈന്ദവ ആരാധനാലയങ്ങളെ കേന്ദ്രമാക്കിയാണ് വിവിധങ്ങളായ വേലകളും കുമ്മാട്ടികളും ആഘോഷിക്കപ്പെടുന്നതെങ്കിലും ജാതിമതഭേദമെന്യേ ഇവയൊക്കെ എല്ലാവിഭാഗം ജനങ്ങളുടേയും ഉത്സവങ്ങളായി മാറുന്നു. ഭൂവുടമാബന്ധങ്ങളില്‍ മാറ്റം വന്നതോടുകൂടി മുടങ്ങിക്കിടന്ന ഉത്സവങ്ങള്‍ കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെ നടത്തപ്പെട്ടുതുടങ്ങി. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജാതി-ഉപജാതി വിഭാഗങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളെ സമുദായപ്പേരു ചേര്‍ത്തുള്ള തറകളായാണ് അറിയപ്പെട്ടിരുന്നത്. തെലുങ്കിനോട് സാദൃശ്യമുള്ള ഭാഷ സംസാരിക്കുന്ന ഒരു വിഭാഗമാണ് ഇവിടെയുള്ള നായ്ക്കന്‍ സമുദായത്തില്‍പെട്ടവര്‍. ആചാര-വിചാരങ്ങളിലൊന്നും തനിമയില്ലാത്തതുകൊണ്ട് പ്രത്യേകതകള്‍ വാമൊഴിയില്‍ മാത്രമേയുള്ളു. തലമുറകളിലൂടെ ഇത് സമുദായത്തില്‍ പടര്‍ന്ന് പിടിച്ചുനില്‍ക്കുന്നു. ഇഷ്ടിക നിര്‍മ്മാണമേഖലയില്‍ തൊഴിലെടുത്തു ജീവിക്കുന്നവരാണ് ഇവരിലധികം പേരും. സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗമാണിവര്‍. പത്തു പന്ത്രണ്ടു വായനശാലകള്‍ പലേടത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടു പിന്നിട്ട ദേശീയ റീഡിംഗ് റൂം ലൈബ്രറി പഞ്ചായത്തിലെ സാംസ്ക്കാരിക കേന്ദ്രം തന്നയാണ്.